Latest

1 (1-5) - ലളിതാ സഹസ്രനാമം

ശ്രീ ലളിതാ സഹസ്രനാമത്തിന്റെ മഹനീയമായ ആയിരം നാമങ്ങളിൽ ആദ്യത്തേത് ശ്രീമാതായാണ്. ആയിരാമത്തെ പേര് ലളിതാംബിക എന്നാണ്. ശ്രീ ദയയുടെ പ്രതീകമാണ്, ശിശുസമാനവും ശുദ്ധവും നിഷ്കളങ്കവുമായ ഹൃദയത്തോടെ പാരായണം ചെയ്യാൻതുടങ്ങിയാൽ ഭക്തൻ അമ്മയുടെ എണ്ണമറ്റ അനുഗ്രഹങ്ങളാൽ ഒരാൾ വളരും. മാതാവ്, അമ്മയുടെ വാത്സല്യവും സ്നേഹനിർഭരവുമായ മാർഗനിർദേശവും ശരിയായമാർഗനിർദേശവും നൽകും. ആദ്യനാമം ശ്രീമാത, ഐശ്വര്യമുള്ള അമ്മ, സൃഷ്ടിയെസൂചിപ്പിക്കുന്നു. രണ്ടാമത്തെ പേര് ശ്രീ മഹരാജ്ഞി, ചക്രവർത്തി രാജ്ഞി, സ്ഥിതിയെസൂചിപ്പിക്കുന്നു. മൂന്നാമത്തെ നാമം ശ്രീമത്സിംഹാസനേശ്വരി സിംഹാസനത്തിൽസ്ഥിതിചെയ്യുന്നു, സംഹാരം അല്ലെങ്കിൽ അല്ലെങ്കിൽ ലയനത്തെ സൂചിപ്പിക്കുന്നു


1. ശ്രീമാതാ 

(ശ്രീമാത്രേ നമഃ)

ശ്രീ എന്ന പദം ആദ്യം ഉപയോഗിച്ചിരിയ്‌ക്കുന്നത്‌ മംഗളാര്‍ത്ഥം ആകുന്നു. ശ്രീപൂര്‍ണ്ണയായ മാതാവ്‌. ശ്രീയുടെ മാതാവ്‌. പരാശക്തി, മഹാകാളി മഹാസരസ്വതി മഹാലക്ഷ്മി എന്നു മൂന്നുശക്തികളെ പരാശക്തി സൃഷ്ടിച്ചുവെന്ന്‌ ദേവീമാഹാത്മ്യത്തിന്റെ അനുബന്ധമായ രഹസ്യത്രയത്തില്‍ കാണുന്നു. മഹാലക്ഷ്മിയുടെ മാതാവായതിനാല്‍ ശ്രീമാതാ. ശ്രിയം മാതി ഇതി ശ്രീമാതാ (അളക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മാതാ എന്ന ശബ്ദം പുല്ലിംഗമാണ്‌. ഭഗവതിയ്‌ക്ക്‌ ലിംഗപരിമിതിയില്ലെന്നുകൂടി പുല്ലിംഗപ്രയോഗംകൊണ്ട്‌ ദ്യോതിപ്പിയ്‌ക്കുന്നു) ശ്രീയെ അളക്കുന്ന വ്യക്തി സന്ദര്‍ഭം കൊണ്ട്‌ ഭഗവതിതന്നെ. ഭഗവതിയ്‌ക്ക്‌ അപരിമിതമായ ശ്രീയുണ്ടാകകൊണ്ട്‌ ഐശ്വര്യദേവതയായ ശ്രീ ഭഗവതിയ്‌ക്ക്‌ അളവുണ്ടാകുന്നത്‌. കടലിന്റെ അടുത്തുവെച്ച തടാകത്തിന്‌ ചുരുങ്ങിയ അളവുള്ള പ്രതീതിയുണ്ടാകും. ശ്രിയം മാതി. ശ്രീ എന്നതിന്‌ വിഷം എന്നൊരു അര്‍ത്ഥം ഉണ്ട്‌. വിഷത്തിന്‌ അളവുണ്ടാക്കുന്നവള്‍. വിഷം ശ്രീപരമേശ്വരന്റെ കണ്ഠത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയത്‌ ഭഗവതിയാണെന്നു പുരാണപ്രസിദ്ധം. ശ്രീവിദ്യാ എന്ന മന്ത്രത്തിന്റെ ദേവതാ എന്നു ദ്യോതിപ്പിയ്‌ക്കാനും ഈ നാമത്തിന്നു കഴിയുന്നു.


2. ശ്രീമഹാരാജ്ഞീ

 (ശ്രീമഹാരാജ്ഞ്യൈ നമഃ)

ശ്രീമതിയായിട്ടുള്ള മഹാരാജ്ഞീ. മഹത്‌ ശബ്ദത്തിന്‌ രാജ്യം എന്ന്‌ അര്‍ത്ഥമുണ്ടാകയാല്‍ ശ്രീരാജ്യത്തിലെ രാജ്ഞീ. രാജ്ഞീ എന്നുള്ളതിന്‌ രാജിയ്‌ക്കുന്നവള്‍ അഥവാ ശോഭിയ്‌ക്കുന്നവള്‍ എന്നര്‍ത്ഥം വരുമ്പോള്‍ ശ്രീകാരണം മഹത്തായ ശോഭയുള്ളവള്‍. ചക്രവര്‍ത്തിനീ ശ്രീകാരണം വളരെ അധികം രജോഗുണമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.

3. ശ്രീമത്സിംഹാസനേശ്വരീ 

(ശ്രീമത്സിംഹാസനേശ്വര്യൈ നമഃ)

ശ്രീയുള്ള സിംഹാസനത്തിന്‌ ഈശ്വരീ. ശ്രീയുള്ളസിംഹാസനത്തിന്‌ അധിപ. വൈയ്യാകരണന്മാര്‍ കശ്യപനെ പശ്യകന്‍ എന്നു കാണാന്‍ അനുവദിയ്‌ക്കാറുണ്ട്‌. അതുപോലെ സിംഹത്തെ തിരിച്ചിട്ടാല്‍ ഹിംസാ എന്നാകും. ആസ എന്ന ധാതുവിന്‌ അവസാനിപ്പിയക്കുക എന്നും അര്‍ത്ഥമുണ്ട്‌. ശ്രീമതിയും ഹിംസാസനത്തില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. അതായത്‌ ശ്രീമതിയും ഹിംസകൊണ്ട്‌ അവസാനിപ്പിയ്‌ക്കുന്നതില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. സംഹാരമാകുന്ന ഹിംസകൊണ്ട്‌ ജഗത്തിനെ നശിപ്പിയ്‌ക്കുന്നവള്‍ എന്നു താല്‍പ്പര്യം. സിംഹത്തെ തിരച്ചിട്ടാല്‍ ഹംസി എന്നുമാകാം. ശ്രീമതിയും ഹംസിയുമായ ഈശ്വരി. ഹംസി ഹംസമന്ത്രസ്വരൂപിണിയായിരിയ്‌ക കുന്നവള്‍. ശ്വസോഛ്വാസത്തോടുകൂടി ജപിയ്‌ക്കപ്പെടുന്ന മന്ത്രമാണ്‌ ഹംസഃ എന്ന അജപാമന്ത്രം. ശ്വാസോഛ്വാസം തന്നെ ആയ ദേവി എന്നും ഇതിനാല്‍ അര്‍ത്ഥമാകാം. ഇതുവരെ പറഞ്ഞ മാന്നു നാമങ്ങള്‍ സൃഷ്ടിയുടേയും സ്ഥിതിയുടേയും സംഹാരത്തിന്റേയും അംശങ്ങള്‍ അടങ്ങിയതാണ്‌. അതുപോലെ സത്വരജസ്തമോഗുണങ്ങളുടേയും സാന്നിദ്ധ്യം കാണാന്‍ കഴിയും.

4. ചിദഗ്നികുണ്ഡസംഭൂതാ

ചിത്താകുന്ന അഗ്നികുണ്ഡത്തില്‍ നിന്ന്‌ സംഭവിച്ചവള്‍. ചിത്ത്‌ എന്നതിന്‌ അറിവ്‌. ചൈതന്യം, ഹൃദയം, ആത്മാവ്‌ എന്നെല്ലാം അര്‍ത്ഥം. ഈ ചിത്തുതന്നെ അഗ്നിയാകയാല്‍ അജ്ഞത, ഇരുട്ട്‌, ബഹിര്‍മ്മുഖത്വം, സംസാരം എന്നിവയെല്ലാം ദഹിപ്പിച്ചുകളയുന്നു. അതോടുകൂടി ഭഗവതി പ്രത്യക്ഷമാകുകയും ചെയ്യുന്നു. രേണു എന്ന സൂര്യവംശരാജാവിന്‌ യാഗാഗ്നിയില്‍നിന്ന്‌ ഭഗവതിപ്രത്യക്ഷയായിട്ടുണ്ട്‌ ആ കഥ ഇവിടെ സൂചിപ്പിച്ചു.  ദേവന്മാര്‍ ഭണ്ഡാസുരപീഡിതന്മാരായി സ്വന്തം മാംസം ഹോമിച്ചുകൊണ്ട്‌ ഭഗവതിയെ ഉപാസിച്ചുതുടങ്ങി. അവസാനം ദേഹം തന്നെ ഹോമിയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ കുണ്ഡത്തില്‍നിന്ന്‌ ഭഗവതി പ്രത്യപ്പെട്ടു. ഈ കഥയും സൂചിപ്പിച്ചു. പൂജ ഹോമം മുതലായതുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കുണ്ഡം എന്നു പറഞ്ഞാല്‍ത്തന്നെ ചതുരശ്രകുണ്ഡമാണ്‌ ആദ്യം ഓര്‍മ്മയില്‍ വരിക. ചതുരശ്രം പൃഥിവിയുടെ ചിഹ്നമാണ്‌. പൃഥിവി മൂലാധാരചക്രവുമായിബന്ധപ്പെട്ടുകിടക്കുന്നു. ചിത്ത്‌ അതായത്‌ ജീവാത്മാവ്‌ മൂലാധാരത്തില്‍ കുണ്ഡലിനിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു എന്നും ജീവാത്മാവ്‌ മോക്ഷത്തിനായി ശ്രമിയ്‌ക്കുമ്പോള്‍ കുണ്ഡലിനി സുഷുമ്നയില്‍ക്കൂടി സഹസ്രാരത്തിലേയ്‌ക്കു പോകുന്നു എന്നും പ്രസിദ്ധമാണ്‌. 

5. ദേവകാര്യസമുദ്യതാ

ദേവകാര്യത്തിനായി സമുദ്യതാ. മഹിഷാസുരവധം, ഭണ്ഡാസുരവധം മുതലായ ദേവകാര്യത്തിനായി പുറപ്പെട്ടവള്‍.ദേവന്റെ കാര്യത്തിനായി പുറപ്പെട്ടവള്‍. പരമാത്മാവിന്റെ ഇച്ഛയാല്‍ ഈ ജഗത്തുണ്ടാക്കിത്തീര്‍ക്കാന്‍ പുറപ്പെട്ടവള്‍.ദേവശബ്ദത്തിന്‌ കളിയ്‌ക്കുക എന്നര്‍ത്ഥം ഉണ്ട്‌. കളിയ്‌ക്കാനിയി തുനിഞ്ഞിറങ്ങിയവള്‍. ഭഗവതിയുടെ ലീലയാണല്ലോ എല്ലാം. ദേവനാകുന്ന കാര്യത്തിനായി പുറപ്പെട്ടവള്‍. ജീവാത്മാവ്‌ പരമാത്മാവിനോട്‌ ചേര്‍ന്ന്‌ മുക്തനാകാന്‍ ശ്രമിയ്‌ക്കുമ്പോള്‍ അതിനു സഹായമായി ഒപ്പം പോകുന്നവള്‍. ഭഗവതിയുടെ സഹായമില്ലാതെ മോക്ഷം കിട്ടുവാന്‍ സാദ്ധ്യമല്ല. സഹസ്രാരത്തിലുള്ള പരമാത്മസംയോഗം ലക്ഷ്യമായി പുറപ്പെട്ടവള്‍.



അഭിപ്രായങ്ങളൊന്നുമില്ല